Saturday, April 25, 2020

പുഴയുടെ കാണാക്കണ്ണീർ

കപ്പത്തോട്, പരിയാരം 

  എനിക്കവളെ കുഞ്ഞുനാളിലേ മുതൽ ഇഷ്ടമായിരുന്നു. വെള്ളിക്കമ്മലുമിട്ട് വെള്ളിപ്പാദസരവും കിലുക്കി പോകുന്ന ആ കിലുക്കാംപെട്ടിയെ ആരാണിഷ്ടപ്പെടാതിരിക്കുക? അവളുടെ സാമീപ്യവും ചിരിയും എത്ര ഊർജ്ജദായകമായിരുന്നു. കൈക്കുമ്പിളിൽ കോരിയെടുത്തു മുഖത്തോടടുപ്പിക്കുമ്പോൾ അവൾ പകർന്നത് സ്വർഗ്ഗീയാനുഭൂതിയായിരുന്നു. അന്നാ പെരുമഴയത്ത് അവളെന്റെ പാദത്തിൽ തൊട്ടപ്പോൾ ഞാൻ ആനന്ദത്താൽ മതിമറന്നു. പതിയെ അവളെന്റെ കാൽമുട്ടിൽ സ്പർശിച്ചപ്പോൾ എന്തോ അസ്വാഭാവികത  തോന്നി. അവളുടെ മുഖം കോപത്താൽ ചുവന്നു തുടുക്കുന്നതും ശബ്ദം കനക്കുന്നതും ഞാനറിഞ്ഞു. അലറികൊണ്ടെന്റെ നേർക്ക് പാഞ്ഞടുത്ത അവളിൽ നിന്നും ഞാനെങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. ഏതാനും നാളുകൾക്കുശേഷം ഞാനവളെ വീണ്ടും ഭയത്തോടെ എത്തിനോക്കി. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പതിവിലും ശാന്തയായി ഒന്നും സംഭവിക്കാത്ത മട്ടിൽ ചിരിച്ചുകൊണ്ട് നീങ്ങുന്നു. അവളുടെ താണ്ഡവത്തിൽ അകപ്പെട്ടവരുടെ ദീനരോദനം അപ്പോഴും ചുറ്റിലും മുഴങ്ങുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്തെത്തി, മെല്ലെ ചോദിച്ചു...എന്തിനാ നിന്നെ സ്നേഹിച്ച എന്നോട് ഇങ്ങനെ...പറഞ്ഞു തീരും മുൻപ് ചിരിച്ചുകൊണ്ട് അവൾ മൊഴിഞ്ഞു. എന്റെ ചിരികളിൽ ഞാൻ വർഷങ്ങളായി ഒളിപ്പിച്ചു വച്ചിരുന്ന കഠിനവേദനകളും അപമാനങ്ങളും നീയറിഞ്ഞിരുന്നോ? ഞാൻ തേനും പാലും ഊട്ടിയവർ എന്റെ നേർക്ക് നടത്തിയ കയ്യേറ്റങ്ങൾക്കും, അതിക്രമങ്ങൾക്കും നേരെ എല്ലാരും കണ്ണടച്ചു. ഏറെ വർഷങ്ങളായി ഞാനടക്കിവച്ചിരുന്നതെല്ലാം അന്ന് പൊട്ടിത്തെറിച്ചു. അപ്പോൾ ഞാനൊരു സംഹാരരുദ്രയായി മാറി. കോപത്താൽ അന്ധയായ എനിക്ക് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാകുമായിരുന്നില്ല. ഇത്രയും പറഞ്ഞിട്ട് പൊട്ടിചിരിച്ചുകൊണ്ടു അവൾ കൂടുതൽ ശക്തിയോടെ എന്റെ ഹൃദയത്തിലേക്ക് വീണ്ടുമൊഴുകി...സുഖകരമായൊരു കുളിരോടെ, പനിനീരിന്റെ സുഗന്ധത്തോടെ, തേനിന്റെ മധുരത്തോടെ....!

Thursday, April 23, 2020

ഉദയന്റെ സ്വപ്‌നങ്ങൾ

ചിത്രം: നീർനായ (Otter)


  ഉദയനു പണ്ടേ കണ്ണിൽ കാണുന്നതിന്റെയൊക്കെ പോട്ടം പിടിക്കുന്ന ശീലമുണ്ട്. ഒരു ക്യാമറ അങ്ങേരുടെ കൂടപ്പിറപ്പാണ്. ഒരൊഴിവുദിവസം കോൾപ്പാടത്തു പോട്ടം പിടിക്കാൻ ഇറങ്ങിയതാ. ബണ്ട് റോഡിലൂടെ അല്പം മുൻപോട്ടു പോയപ്പോഴാണ് ആ നിലവിളി കേട്ടത്. അയ്യോ രക്ഷിക്കണേ...ഞാനിപ്പോ മുങ്ങിച്ചാകുമേ...നോക്കുമ്പോൾ ആരോ വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്നു. ഒരു നിമിഷം പകച്ചെങ്കിലും  അയാൾ സമനില വീണ്ടെടുത്തു...കാമറ താഴെ വച്ച് ചാടാൻ തയ്യാറെടുത്തു...ചാടാൻ നേരം ധീരതയ്കുള്ള അവാർഡുകൾ നേടിയ പലരുടെയും മുഖങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു...കൂട്ടത്തിൽ അയ്യപ്പ പൈലോ കൊയ്‌ലോയുടെ സിനിമയും...വെള്ളത്തിൽ ചാടിയ അയാളുടെ തല ഏതോ കല്ലിൽ ഇടിച്ചുവെന്നു തോന്നുന്നു. കടുത്തവേദന...കണ്ണിൽ ഇരുട്ട് കയറി...പെട്ടെന്ന് മുഖത്തേക്കാരോ ടോർച്ചടിക്കുന്നതുപോലെ തോന്നി...കൂടാതെ ഒരു ശബ്ദവും..ഉറക്കത്തിൽപ്പോലും ഈ മനുഷ്യൻ ഒരു സമാധാനം തരില്ലല്ലോ..ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല...ഒന്നും  മിണ്ടാതെ തറയിൽ നിന്നെഴുന്നേറ്റു കട്ടിലിൽ കയറിക്കിടന്നു...ബാക്കിയുള്ളത് നേരം വെളുത്തിട്ടു കേൾക്കാം...😀😀😀

ഉദയന്റെ പെണ്ണുകാണലുകൾ

ഉദയന്റെ പെണ്ണുകാണലുകൾ 
     ഞാൻ പറയാൻ പോകുന്ന കഥ പെണ്ണുകാണൽ എന്നൊരു ഭയങ്കര ചടങ്ങിനെക്കുറിച്ചാണ്. പണ്ടത്തെ കല്യാണങ്ങൾ ഒട്ടുമിക്കവാറും നടന്നിരുന്നത് ഈയൊരു ചടങ്ങു മുഖേനയാണ്. ഇപ്പോൾ സ്ഥിതി മാറിത്തുടങ്ങി. മൊബൈൽ വന്നതിൽപ്പിന്നെ മൂന്നാന്മാർക്കു പണ്ടത്തെപ്പോലെ പണിയില്ല. ഉള്ളതാണെങ്കിൽ മാട്രിമോണിക്കാർ കൊണ്ടുപോവുകയും ചെയ്തു. ഞാൻ പറഞ്ഞുവരുന്നത് ഒരുവന്റെ പെണ്ണുകാണൽ കഥകളെക്കുറിച്ചാണ്. നമ്മുടെ കഥാപാത്രത്തിനെ "ഉദയൻ' എന്ന് പേര് വിളിക്കാം...
ഉദയന്റെ നാട്ടിലെ ആണുങ്ങൾക്ക് മുപ്പതു വയസ്സുവരെ പ്രായം തോന്നുകയേയില്ല (അവരുടെ മാതാപിതാക്കൾക്കു പ്രത്യേകിച്ചും). അതുകൊണ്ടുതന്നെ മുപ്പതു വയസ്സിനു മുൻപ് കല്യാണം കഴിച്ചിട്ടുള്ള പുരുഷകേസരികൾ നാട്ടിൽ വളരെ തുച്ഛമാണ്. പിന്നെ അല്ലറ ചില്ലറ തമാശകളൊക്കെ ഒപ്പിക്കുന്നവരാണെങ്കിൽ നേരത്തെ കല്യാണം കഴിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. അല്ലെങ്കിൽപ്പിന്നെ മൂക്കിലൂടെ വെളുത്തനിറംവരുന്നതുവരെ (പല്ലു മുളക്കുന്നതാണ്) കാത്തിരിക്കുകയെ രക്ഷയുള്ളൂ...ഉദയന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. കാണാൻ മോശമായിരുന്നില്ലെങ്കിലും ഏതെങ്കിലുമൊരു പെണ്ണിനോട് ഐ ലവി പറയാനുള്ള ധൈര്യമൊന്നും പുള്ളിക്കുണ്ടായിരുന്നില്ല. മറിച്ചിങ്ങോട്ടു പറയാൻ ധൈര്യമുള്ള പെണ്ണുങ്ങളുമുണ്ടായില്ല. അത്രയ്ക്ക് 'മയമുള്ള' സ്വഭാവമായിരുന്നു. കല്യാണത്തിന് ചെറുക്കൻ വീട്ടുകാർ ഒരുപാട് ഡിമാന്റുകൾ വയ്ക്കുന്ന കാലമായിരുന്നു. എന്നാൽ പറയത്തക്ക ജോലിയും കൂലിയുമൊന്നുമില്ലാതിരുന്ന ഉദയനു ആകെ ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ...തന്നെ കഷ്ടപ്പെടുത്താതെ തീറ്റിപ്പോറ്റാൻ കഴിവുള്ള ഒരുവളായിരിക്കണം...അത്രേയുള്ളൂ...ആ ഹൃദയത്തിന്റെ വലിപ്പമൊന്നു നോക്കണേ. മേലനങ്ങി പണിയെടുക്കാൻ അത്ര താല്പര്യമുള്ള ഒരായിരുന്നില്ല കഥാനായകൻ...പണ്ടേ ബെശർപ്പിന്റെ അസുഖമുള്ളയാളാണ്...അതുകൊണ്ടു തന്നെ ഏതു പെണ്ണിനെ കണ്ടാലും ഉദയനിഷ്ടപ്പെടുമായിരുന്നു, എന്തെങ്കിലുമൊരു ജോലിയുണ്ടായാൽ വളരെ നന്നായി, അത്രേയുള്ളൂ. ആദ്യമായിക്കണ്ട പെണ്ണ് കൂടെവന്ന കൂട്ടുകാരനെത്തന്നെ നോക്കിയിരുന്നത് അവനെ അല്പം അസ്വസ്ഥനാക്കി. അവളുടെ കണ്ണിനൽപ്പം പ്രശനമുണ്ടെന്നു പെണ്ണ് വീട്ടുകാർ പറഞ്ഞപ്പോഴാണ് സംഗതി മനസ്സിലായത്(ചെറിയൊരു കോങ്കണ്ണ്, അത്രേയുള്ളൂ). അങ്ങനെ കുറെ ചായകൾ കുടിച്ചു മൂന്നാനു കാണിക്കയുമിട്ട് നടക്കുന്നതിനിടയിൽ ഒരു കാര്യവും കൊണ്ടൊരു മൂന്നാൻ വീണ്ടും...നല്ല പഠിപ്പുള്ള കുട്ടിയാ, എവിടെ ചെന്നാലും ജോലി ഉറപ്പാ...പറഞ്ഞതിന്റെ അർഥം മനസ്സിലായില്ലെങ്കിലും അയാളെയും പിന്നിൽ വച്ച് പെണ്ണുവീട്ടിലേക്കു വിട്ടു. അവിടെ ചെന്നപ്പോൾ ആകപ്പാടെ തരക്കേടില്ലെന്നു തോന്നി. പെണ്ണിന്റെ ആങ്ങളയെന്നു പരിചയപ്പെടുത്തിയ ഒരാൾ അകത്തേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോൾ അപ്പൻ, അമ്മ, രണ്ടാങ്ങളമാർ എന്നിവരൊരുത്തരായി പരിചയപ്പെടുത്തി. ആങ്ങളമാർ രണ്ടുപേരും ബാങ്ക് ജോലിക്കാരാണ്. പെണ്ണ് എം കോമിന് പഠിച്ചുകൊണ്ടിക്കുന്നു. ഉദയന്റെ പഠിപ്പിന്റെ കഥ കേട്ടപ്പോൾതന്നെ അവരുടെ മുഖത്തൊരു കാർമേഘം പരക്കുന്നത് കാണാമായിരുന്നു. ചായ കുടിച്ചുകൊണ്ടിക്കുമ്പോൾ പെണ്ണ് വന്നു. പെണ്ണൊരു അഞ്ചടി നാല് നാലര ഇഞ്ചൊക്കെ കാണുമെന്നു തോന്നി. നല്ല തടിയും. ഉദയനാണെങ്കിൽ ഒരു ഇഷ്ടികയിൽ കയറി നിന്നാൽ അഞ്ചടി നാലിഞ്ചെ കാണൂ...! പത്താം ക്ലാസും ഐ ടി ഐ യിലെ ഒരു ട്രേഡുമായി വന്നിരിക്കുന്ന അവനെ അവൾക്കു പിടിച്ചില്ലെന്ന് വ്യക്തമായി. പുറകെ ആങ്ങളമാരുടെ കളിയാക്കലുകൾ...ആകപ്പാടെ പ്ളിങ്ങായിരിക്കുന്ന സമയത്ത് ഉദയൻ പെണ്ണിനോട് ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കാനുള്ള അനുവാദം വാങ്ങി. ചോദ്യം നമ്പർ ഒന്ന്, ഏതായാലും കുട്ടി(അത്രകുട്ടിയല്ലെന്നു കാണുന്നവർക്കറിയാം) കൊമേഴ്‌സല്ലേ...കേരളാ ധനമന്ത്രി ആരാ? ഉത്തരമുണ്ടായില്ല...നിശബ്ദത മുറിച്ചുകൊണ്ട് അടുത്ത ചോദ്യം റിസർവ് ബാങ്ക് ഗവർണ്ണറുടെ പേരറിയോ? വീണ്ടും നിശബ്ദത... ഇതറിയാൻ ഒരു പുതിയ നോട്ടെടുത്ത് അതിൽ ഒപ്പിട്ടിരിക്കുന്ന ആളുടെ പേര് നോക്കിയാ പോരെ? ഉദയന്റെ ചോദ്യം കഴിയുന്നതിനുമുന്പ് പെണ്ണിന്റെ കരച്ചിൽ കേട്ടു. ഇതെന്താ പി എസ് സി പരീക്ഷയാണോ? പെണ്ണിന്റെ ആങ്ങളയുടെ ചോദ്യം. പന്തികേട് തോന്നിയ ഉദയൻ പെട്ടെന്ന് പുറത്തു കടന്നു. മൂന്നാന്റെ കാര്യം ദൈവത്തെയേൽപ്പിച്ചു വണ്ടിയുമെടുത്ത് പെട്ടെന്ന് റോഡിലേക്കിറങ്ങി...

ഉദയന്റെ സുപ്രഭാതങ്ങൾ

           
ഉദയന്റെ സുപ്രഭാതങ്ങൾ 


     സ്ത്രീപുരുഷ സമത്വത്തിന്റെ ഇക്കാലത്തു ഭാര്യയെ ജോലികളിൽ സഹായിക്കാത്തവർ ആരാണുള്ളത്. നിത്യവും രാവിലെമുതൽ ഭാര്യയെ സഹായിക്കുന്ന ഒരാളെ എനിക്കറിയാം. അദ്ദേഹത്തെ അതിരാവിലെ 'ആറര ഏഴുമണി'യോടെ ഭാര്യ വിളിച്ചുണർത്തുന്നു...മനുഷ്യാ.., നേരം വെളുത്തു.. ഇനിയെങ്കിലും ഒന്ന് എഴുന്നേൽക്ക്...പിന്നെ താമസമില്ല..എഴുന്നേറ്റയുടൻ വാട്സാപ്പ്, ഫേസ്‌ബുക്ക് ഇത്യാദി ആപ്പുകളിലൊക്കെ ഒന്ന് തലവച്ചു നേരെ അടുക്കളയിലേക്ക്...'ബെസർപ്പിന്റെ' അസുഖമുള്ള ആളായതുകൊണ്ടു പറമ്പിൽ കൈക്കോട്ടെടുത്തു കൊത്തുന്ന ശീലമൊന്നും അങ്ങേർക്കില്ല. കയ്യിൽ രണ്ടു മൂന്ന് വാട്ടർ ബോട്ടിലുകൾ ഉണ്ടായിരിക്കും. അതിൽ വെള്ളം നിറക്കുക എന്ന ഭാരിച്ച ജോലിയാണ് ആദ്യത്തേത്. ചോറ് വക്കുക, കറി വയ്ക്കുക, മീൻ വറുക്കുക തുടങ്ങിയ ചെറിയ ചെറിയ ജോലികളൊക്കെ അവൾ നേരത്തെ ചെയ്തു വച്ചിട്ടുണ്ടാകും... ചക്കരേ, ഉപ്പേരിക്ക് പയറോ വല്ലതും അരിയാനുണ്ടോ? ചോദ്യം കേട്ടപാതി 'സ്നേഹത്തോടെ' അയാളെ ഒന്ന് നോക്കിയിട്ട് ഒരു പാത്രത്തിൽ പയറും കുറച്ചു സവാളയും മേശപ്പുറത്തെടുത്തു വച്ചു. പാത്രവും സവാളയും താഴെ വെക്കുമ്പോൾ ഇത്രയും വലിയ ശബ്ദമുണ്ടാകുമോ? അയാൾ ചിന്തിച്ചു. ആ അതെന്തെങ്കിലുമാകട്ടെ. ഉള്ളത് 'വേഗം' അരിയാൻ തുടങ്ങി. അല്പം കഴിഞ്ഞു അയാളുടെ കയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങി അവൾ പറഞ്ഞു, മനുഷ്യാ, ഇത് രാവിലേക്കുള്ളതാ, ഉച്ചക്ക് വെക്കാനുള്ളതല്ല. കൂടെക്കൂടെയുള്ള മനുഷ്യാ എന്ന ഓർമ്മപ്പെടുത്തലുണ്ടല്ലോ? അതാണ് സ്നേഹം. അയാളുടെ ജോലികൾ തീരുന്നില്ല...കുട്ടികളുടെ കറിപ്പാത്രങ്ങളിൽ സ്പൂണുകൊണ്ട് കറി നിറയ്ക്കണം, അവൾ ചോറ് നിറച്ചു തരുന്ന പാത്രത്തെ ഒരു ടവ്വല്കൊണ്ട് നാല് വശത്തുനിന്നും കെട്ടണം. ആ ഒന്നും പറയേണ്ട. അങ്ങനെ കുട്ടികൾ സ്‌കൂളിലേക്ക് പുറപ്പെട്ടാൽ പിന്നെ സമാധാനമായി. പിന്നെ കഴുകിയ തുണികൾ ഉണക്കാൻ അവൾ രണ്ടു ബക്കറ്റിലും നിറച്ചു ബുദ്ധിമുട്ടി കൊണ്ടുപോകുമ്പോൾ അയാൾ സഹായിക്കാറില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതൊരു കരുതലാണ്. അവളുടെ ശരീരവടിവും സൗന്ദര്യവും അതേപടി നിലനിൽക്കണമെന്നുള്ള ആഗ്രഹം നിമിത്തം വിഷമത്തോടെയാണെങ്കിലും നല്ലൊരു വ്യായാമമായിക്കോട്ടെ എന്ന് കരുതി മനഃപൂർവം ഒഴിവാക്കുന്നതാണ്. ഭാര്യമാരെ ഇനിയും ജോലികളിൽ സഹായിക്കാത്ത ഭർത്താക്കന്മാരുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ കഥ നിങ്ങൾക്കൊരു പ്രചോദനമാകട്ടെ.

NB: ഈ കഥയിലെ കഥാപാത്രവും ഞാനുമായി യാതൊരു ബന്ധവുമില്ല.😃😃