Thursday, April 23, 2020

ഉദയന്റെ പെണ്ണുകാണലുകൾ

ഉദയന്റെ പെണ്ണുകാണലുകൾ 
     ഞാൻ പറയാൻ പോകുന്ന കഥ പെണ്ണുകാണൽ എന്നൊരു ഭയങ്കര ചടങ്ങിനെക്കുറിച്ചാണ്. പണ്ടത്തെ കല്യാണങ്ങൾ ഒട്ടുമിക്കവാറും നടന്നിരുന്നത് ഈയൊരു ചടങ്ങു മുഖേനയാണ്. ഇപ്പോൾ സ്ഥിതി മാറിത്തുടങ്ങി. മൊബൈൽ വന്നതിൽപ്പിന്നെ മൂന്നാന്മാർക്കു പണ്ടത്തെപ്പോലെ പണിയില്ല. ഉള്ളതാണെങ്കിൽ മാട്രിമോണിക്കാർ കൊണ്ടുപോവുകയും ചെയ്തു. ഞാൻ പറഞ്ഞുവരുന്നത് ഒരുവന്റെ പെണ്ണുകാണൽ കഥകളെക്കുറിച്ചാണ്. നമ്മുടെ കഥാപാത്രത്തിനെ "ഉദയൻ' എന്ന് പേര് വിളിക്കാം...
ഉദയന്റെ നാട്ടിലെ ആണുങ്ങൾക്ക് മുപ്പതു വയസ്സുവരെ പ്രായം തോന്നുകയേയില്ല (അവരുടെ മാതാപിതാക്കൾക്കു പ്രത്യേകിച്ചും). അതുകൊണ്ടുതന്നെ മുപ്പതു വയസ്സിനു മുൻപ് കല്യാണം കഴിച്ചിട്ടുള്ള പുരുഷകേസരികൾ നാട്ടിൽ വളരെ തുച്ഛമാണ്. പിന്നെ അല്ലറ ചില്ലറ തമാശകളൊക്കെ ഒപ്പിക്കുന്നവരാണെങ്കിൽ നേരത്തെ കല്യാണം കഴിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. അല്ലെങ്കിൽപ്പിന്നെ മൂക്കിലൂടെ വെളുത്തനിറംവരുന്നതുവരെ (പല്ലു മുളക്കുന്നതാണ്) കാത്തിരിക്കുകയെ രക്ഷയുള്ളൂ...ഉദയന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. കാണാൻ മോശമായിരുന്നില്ലെങ്കിലും ഏതെങ്കിലുമൊരു പെണ്ണിനോട് ഐ ലവി പറയാനുള്ള ധൈര്യമൊന്നും പുള്ളിക്കുണ്ടായിരുന്നില്ല. മറിച്ചിങ്ങോട്ടു പറയാൻ ധൈര്യമുള്ള പെണ്ണുങ്ങളുമുണ്ടായില്ല. അത്രയ്ക്ക് 'മയമുള്ള' സ്വഭാവമായിരുന്നു. കല്യാണത്തിന് ചെറുക്കൻ വീട്ടുകാർ ഒരുപാട് ഡിമാന്റുകൾ വയ്ക്കുന്ന കാലമായിരുന്നു. എന്നാൽ പറയത്തക്ക ജോലിയും കൂലിയുമൊന്നുമില്ലാതിരുന്ന ഉദയനു ആകെ ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ...തന്നെ കഷ്ടപ്പെടുത്താതെ തീറ്റിപ്പോറ്റാൻ കഴിവുള്ള ഒരുവളായിരിക്കണം...അത്രേയുള്ളൂ...ആ ഹൃദയത്തിന്റെ വലിപ്പമൊന്നു നോക്കണേ. മേലനങ്ങി പണിയെടുക്കാൻ അത്ര താല്പര്യമുള്ള ഒരായിരുന്നില്ല കഥാനായകൻ...പണ്ടേ ബെശർപ്പിന്റെ അസുഖമുള്ളയാളാണ്...അതുകൊണ്ടു തന്നെ ഏതു പെണ്ണിനെ കണ്ടാലും ഉദയനിഷ്ടപ്പെടുമായിരുന്നു, എന്തെങ്കിലുമൊരു ജോലിയുണ്ടായാൽ വളരെ നന്നായി, അത്രേയുള്ളൂ. ആദ്യമായിക്കണ്ട പെണ്ണ് കൂടെവന്ന കൂട്ടുകാരനെത്തന്നെ നോക്കിയിരുന്നത് അവനെ അല്പം അസ്വസ്ഥനാക്കി. അവളുടെ കണ്ണിനൽപ്പം പ്രശനമുണ്ടെന്നു പെണ്ണ് വീട്ടുകാർ പറഞ്ഞപ്പോഴാണ് സംഗതി മനസ്സിലായത്(ചെറിയൊരു കോങ്കണ്ണ്, അത്രേയുള്ളൂ). അങ്ങനെ കുറെ ചായകൾ കുടിച്ചു മൂന്നാനു കാണിക്കയുമിട്ട് നടക്കുന്നതിനിടയിൽ ഒരു കാര്യവും കൊണ്ടൊരു മൂന്നാൻ വീണ്ടും...നല്ല പഠിപ്പുള്ള കുട്ടിയാ, എവിടെ ചെന്നാലും ജോലി ഉറപ്പാ...പറഞ്ഞതിന്റെ അർഥം മനസ്സിലായില്ലെങ്കിലും അയാളെയും പിന്നിൽ വച്ച് പെണ്ണുവീട്ടിലേക്കു വിട്ടു. അവിടെ ചെന്നപ്പോൾ ആകപ്പാടെ തരക്കേടില്ലെന്നു തോന്നി. പെണ്ണിന്റെ ആങ്ങളയെന്നു പരിചയപ്പെടുത്തിയ ഒരാൾ അകത്തേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോൾ അപ്പൻ, അമ്മ, രണ്ടാങ്ങളമാർ എന്നിവരൊരുത്തരായി പരിചയപ്പെടുത്തി. ആങ്ങളമാർ രണ്ടുപേരും ബാങ്ക് ജോലിക്കാരാണ്. പെണ്ണ് എം കോമിന് പഠിച്ചുകൊണ്ടിക്കുന്നു. ഉദയന്റെ പഠിപ്പിന്റെ കഥ കേട്ടപ്പോൾതന്നെ അവരുടെ മുഖത്തൊരു കാർമേഘം പരക്കുന്നത് കാണാമായിരുന്നു. ചായ കുടിച്ചുകൊണ്ടിക്കുമ്പോൾ പെണ്ണ് വന്നു. പെണ്ണൊരു അഞ്ചടി നാല് നാലര ഇഞ്ചൊക്കെ കാണുമെന്നു തോന്നി. നല്ല തടിയും. ഉദയനാണെങ്കിൽ ഒരു ഇഷ്ടികയിൽ കയറി നിന്നാൽ അഞ്ചടി നാലിഞ്ചെ കാണൂ...! പത്താം ക്ലാസും ഐ ടി ഐ യിലെ ഒരു ട്രേഡുമായി വന്നിരിക്കുന്ന അവനെ അവൾക്കു പിടിച്ചില്ലെന്ന് വ്യക്തമായി. പുറകെ ആങ്ങളമാരുടെ കളിയാക്കലുകൾ...ആകപ്പാടെ പ്ളിങ്ങായിരിക്കുന്ന സമയത്ത് ഉദയൻ പെണ്ണിനോട് ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കാനുള്ള അനുവാദം വാങ്ങി. ചോദ്യം നമ്പർ ഒന്ന്, ഏതായാലും കുട്ടി(അത്രകുട്ടിയല്ലെന്നു കാണുന്നവർക്കറിയാം) കൊമേഴ്‌സല്ലേ...കേരളാ ധനമന്ത്രി ആരാ? ഉത്തരമുണ്ടായില്ല...നിശബ്ദത മുറിച്ചുകൊണ്ട് അടുത്ത ചോദ്യം റിസർവ് ബാങ്ക് ഗവർണ്ണറുടെ പേരറിയോ? വീണ്ടും നിശബ്ദത... ഇതറിയാൻ ഒരു പുതിയ നോട്ടെടുത്ത് അതിൽ ഒപ്പിട്ടിരിക്കുന്ന ആളുടെ പേര് നോക്കിയാ പോരെ? ഉദയന്റെ ചോദ്യം കഴിയുന്നതിനുമുന്പ് പെണ്ണിന്റെ കരച്ചിൽ കേട്ടു. ഇതെന്താ പി എസ് സി പരീക്ഷയാണോ? പെണ്ണിന്റെ ആങ്ങളയുടെ ചോദ്യം. പന്തികേട് തോന്നിയ ഉദയൻ പെട്ടെന്ന് പുറത്തു കടന്നു. മൂന്നാന്റെ കാര്യം ദൈവത്തെയേൽപ്പിച്ചു വണ്ടിയുമെടുത്ത് പെട്ടെന്ന് റോഡിലേക്കിറങ്ങി...

6 comments:

  1. ഉദയൻ ആള് കുറച്ചു വികൃതി ആണല്ലേ😂

    ReplyDelete
  2. ഉദയനാണ് താരം😎

    ReplyDelete
  3. Psc ചോദ്യങ്ങൾ ചോദിച്ച് എത്ര ആങ്ങളമാരുടെ കയ്യിൽനിന്നും ഉദയനു തല്ലു കിട്ടിയിട്ടുണ്ട് ഉദയാ??

    ReplyDelete
    Replies
    1. ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല ഇത്തരം അപകടകരമായ സ്ഥിതിവിശേഷങ്ങളിൽ നിന്നു തന്മയത്വപൂർവ്വം മുങ്ങുവാനും ഉദയൻ അതിവിദഗ്ധനാണ്

      Delete
    2. ജീവിതത്തിന്റെ വിജ്രംഭിച്ച ഉന്നത ദൗത്യങ്ങളിൽ നിന്നും ഇതുപോലെ തന്മയത്വപൂർവ്വം മുങ്ങുവാറുണ്ടോ ഈ മുങ്ങൽവിദഗ്തൻ

      Delete
    3. ഉത്തരവാദിത്വങ്ങളോട് കോറോണയോടെന്നപോലെ ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുമൂലം ഇതുവരെ ആരോഗ്യത്തിനോ ആയുസ്സിനോ കോട്ടം തട്ടാതെ, കാര്യമായ പണിയൊന്നുംചെയ്യാതെ കഞ്ഞിയും ചക്കയും പയറുമൊക്കെ കഴിച്ചു ഒരുവിധം സന്തോഷമായി ജീവിച്ചു പോകുന്നു.(പാവമല്ലേ ജീവിച്ചു പൊയ്ക്കോട്ടേ...കൊല്ലരുത് പ്ലീസ്)

      Delete